തൃശ്ശൂര്‍: നഗരത്തെ ഞെട്ടിച്ച വന്‍ മോഷണത്തിന്റെ ചുരുളഴിഞ്ഞത് മറ്റൊരു വേലക്കാരിയുടെ സമയോചിതമായ ഇടപെടലില്‍. പേരാമംഗലത്തെ ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്ന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ രണ്ട് വീട്ടുജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റുമുക്ക് സ്വദേശിനി ഗീതു (35), മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശിനി പ്രിയ (48) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ വിശ്വസ്തരായി ഇവര്‍ ജോലി ചെയ്തിരുന്നു. 2023 മുതല്‍ പല ഘട്ടങ്ങളിലായാണ് മോഷണം നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ലോക്കര്‍ തുറക്കുന്ന സമയത്ത് മൈബെല്‍ ഫോണില്‍ വിഡിയോ ചിത്രീകരിച്ച് ലോക്കറിന്റെ നമ്പര്‍ മനസിലാക്കിയായിരുന്നു മോഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളില്‍ സ്വന്തം സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് വിറ്റഴിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതില്‍ ഒരാള്‍ 40 ലക്ഷം രൂപയുടെ വീടും വാങ്ങി. പ്രതിമാസം വെറും 15,000 രൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 18 മാസത്തിനിടെ ഏകദേശം 70 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വാച്ചും ഉള്‍പ്പെടെ യുവതികള്‍ മോഷ്ടിച്ചതായാണ് വിവരം. പ്രതികളുടെ മോഷണം പുറത്തുകൊണ്ടുവന്നത് വീട്ടില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയാണ്. ലോക്കറില്‍ നിന്ന് സ്വര്‍ണ്ണനാണയം എടുക്കുന്നത് യാദൃച്ഛികമായി കണ്ട ഇവര്‍ പ്രതികളോട് ചോദിച്ചപ്പോള്‍, തനിക്കും സ്വര്‍ണ്ണം തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ആ പ്രലോഭനത്തില്‍ വീഴാതെ വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്കറിലെ ആഭരണങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ക്ക് വലിയ തോതില്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായി. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വര്‍ണ്ണം വിറ്റ ജ്വല്ലറികള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മോഷ്ടിച്ച സ്വര്‍ണ്ണവും പണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.








