കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി. ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി.
തിങ്കളാഴ്ച രാവിലെ 11ന് മുമ്പ് കീഴടങ്ങാൻ കോടതി പ്രതാപന് കർശന നിർദേശം നൽകി. നേരത്തെ 16 മാസം തടവിലായിരുന്ന പ്രതാപന് പി.എം.എൽ.എ കോടതി കഴിഞ്ഞ വർഷം നവംബർ ഒന്നിന് ജാമ്യം നൽകിയിരുന്നു. കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചും ജാമ്യം അനുവദിക്കാതിരിക്കാൻ മറ്റ് കാരണങ്ങളില്ലെന്ന് വിലയിരുത്തിയുമായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. 16 മാസം ജയിലിൽ കിടന്നത് ജാമ്യം റദ്ദാക്കാൻ കാരണമല്ലെന്നായിരുന്നു വാദം. മുൻ ഉത്തരവ് പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നാണ് പി.എം.എൽ.എ കോടതി ഹരജി വീണ്ടും പരിഗണിച്ച് പ്രതാപന്റെ ജാമ്യം റദ്ദാക്കിയത്. പ്രതാപനും ഭാര്യ ശ്രീനയും അടക്കം കേസിൽ 37 പ്രതികളാണുള്ളത്.
2024 ജൂലൈയിലാണ് ഹൈറിച്ച് കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നത്. പിന്നാലെ കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതായി ഇ.ഡി. കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ആദ്യഘട്ട കുറ്റപത്രവും സമർപ്പിച്ചിരുന്നു.








