ചെന്നൈ: നാഗര്‍കോവിലില്‍ ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡിലെ കോച്ചിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി അയ്യപ്പന് (31) അറസ്റ്റിലായി. അതേസമയം കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗര്‍കോവില്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍ – കോട്ടയം ട്രെയിനിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചിലെ സീറ്റിനടിയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 14ന് അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നാഗര്‍കോവില്‍ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, റെയില്‍വേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന്
വ്യക്തമായത്. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. നവംബര്‍ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചില്‍ നിന്ന് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. രാത്രി 12.30ന് അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാര്‍ഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കോച്ചില്‍ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരിക്കാനിടയായതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നാല് മാസമായി ഇയാള്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.








