ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ ഹാക്ക് ചെയ്ത് അഗ്‌നിവീറുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ 14 കാരന്‍ പിടിയില്‍. എഐയുടെ സഹായത്തോടെയാണ് കുട്ടി പോര്‍ട്ടലില്‍ കടന്നുകയറിയതെന്നാണ് വിവരം. അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും അഗ്‌നിവീറുകള്‍ക്കും മറ്റ് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കരിയര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന പോര്‍ട്ടലിലെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള 2,500-ലധികം അഗ്‌നിവീറുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നതായാണ് സൂചന. ഡാര്‍ക്ക് വെബില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഡാറ്റ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വില്‍പ്പന നടക്കുന്നതിന് മുന്‍പുതന്നെ ഏജന്‍സികള്‍ കുട്ടിയാണ് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെത്തിയ വിവരങ്ങള്‍ അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടാകാമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക വിലയിരുത്തല്‍. പണത്തിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരം. ചോര്‍ത്തപ്പെട്ട ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും, റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ ഹാക്ക് ചെയ്താണോ വിവരങ്ങള്‍ ശേഖരിച്ചതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. പോര്‍ട്ടലിലേക്ക് എങ്ങനെയാണ് പ്രവേശിച്ചതെന്നും, എങ്ങനെയാണ് ഹാക്ക് ചെയ്തതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.








