ന്യൂഡല്‍ഹി: വീട്ടില്‍ തയ്യാറാക്കിയ നൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്ന് ഏഴു വയസുകാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ആണ് സംഭവം. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പിഹു കുമാവത്തും സഹോദരി ദിവ്യാന്ഷിയും ചേര്‍ന്ന് നൂഡില്‍സ് പാകം ചെയ്തു കഴിച്ചിരുന്നു. പിന്നാലെ ഇരുവരും ഉറങ്ങിപ്പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകീട്ട് മൂന്നുമണിയോടെ
മാതാവ് വീട്ടിലെത്തിയപ്പോള്‍ പിഹുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത സഹോദരി ദിവ്യാന്ഷിയും ക്ഷീണിതയായി കിടക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പിഹു മരിച്ചിരുന്നു. ദിവ്യാന്‍ഷി ചികില്‍സയ്ക്ക് ശേഷം വെള്ളിയാഴ്ച വീട്ടില്‍ വന്നു. പ്രാഥമിക അന്വേഷണത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് സൂചന ലഭിച്ചെങ്കിലും മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കുടുംബം പരാതി ഉന്നയിച്ചതിനാല്‍ നൂഡില്‍സിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.








