മുഖ്യമന്ത്രിയായ ശേഷം കാസര്‍കോട്ട് ആദ്യമായി എത്തിയ വി ഡി സതീശന് ആവേശകരമായ സ്വീകരണം

കാസര്‍കോട്: മുഖ്യമന്ത്രിയായ ശേഷം കാസര്‍കോട് ആദ്യമായി എത്തിയ വിഡി സതീശന് ഡിസിസിയില്‍ ആവേശകരമായ വരവേല്‍പ് നല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എ മാരായ കെ നീലകണ്ഠന്‍, സന്ദീപ് വാര്യര്‍, ഡിസിസി-യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു, സര്‍വീസ് ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഹാര്‍ദ്ദമായി സ്വീകരിച്ചു. തുടര്‍ന്ന് ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ടി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ആത്മബന്ധം സുദൃഡമാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. മാറുന്ന കാലത്തിനനുസരിച്ച് കേരളത്തെ വളര്‍ത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ശക്തമായ നടപടികള്‍ക്ക് പാര്‍ടിയുടെയും മുന്നണിയുടെയും സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരുടേയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും പാര്‍ടി ഭാരവാഹികളും പ്രസംഗിച്ചു.

വ്യാഴാഴ്ച രാത്രി ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിയെ ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എന്‍എ നെല്ലിക്കുന്ന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ഗോവിന്ദന്‍ നായര്‍, കെ നീലകണ്ഠന്‍ എംഎല്‍എ, സന്ദീപ് വാര്യര്‍ എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ സെക്രട്ടറി എ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കി.

വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ബേള കുമാരമംഗലം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേതം, എടനീര്‍ മഠം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. യുഡിഎഫ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ എംഎല്‍എ, എകെഎം അഷ്‌റഫ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മഠാധികൃതര്‍ വന്‍ സ്വീകരണം അദ്ദേഹത്തിന് നല്‍കി. യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ചെട്ടുംകുഴിയില്‍ വന്‍ സ്വീകരണം നടക്കുന്നുണ്ട്. 12 മണിക്ക് ഗവ. ഗസ്റ്റ് ഹൗസില്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സംസാരിക്കും. വൈകീട്ട് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനം കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അജാനൂര്‍ കടപ്പുറം,തൃക്കരിപ്പൂര്‍ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page