പയ്യന്നൂർ: പയ്യന്നൂരിലെ കർട്ടൻ സ്ഥാപനത്തിൽ വൻ തീപിടിത്തം. ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റ്റെസ്സ് വെൽ കൂഷൻ ആൻഡ് കർട്ടൻ വർക്ക്സ് എന്ന സ്ഥാപനത്തിൽ ആണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 1.20 ഓടെയാണ് സംഭവം. സെൽവൻ എന്നയാളുടേതാണ് സ്ഥാപനം.
തീപിടിത്തത്തിൽ കടയിലുണ്ടായിരുന്ന സോഫകൾ, മെഷീനുകൾ, ഫർണിച്ചറുകൾ തുടങ്ങിയവ പുർണമായും കത്തിനശിച്ചു. സംഭവസമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നുർ ഫയർഫോഴ്‌സ് സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിൻ്റെ നേത്യത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി.എകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി.ദയാൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.പി.ലിജു, പി.വി.ഷൈജു, എം.അർജുൻ, ബി. കണ്ണൻ, ഹോം ഗാർഡുമാരായ എം.രാജീവൻ, കെ എംഗോവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് തീയണക്കാനെത്തിയത്.







