കാസർകോട്: പനയാൽ , പെരിയാട്ടടുക്കത്ത് ഗൃഹനാഥൻ വീട്ടുപരിസരത്തെ മരത്തിൽ തൂങ്ങി മരിച്ചു. മുനിക്കല്ലിലെ ബാലൻ (63) ആണ് ജീവനൊടുക്കിയത്. ഇന്ന് (വ്യാഴം) മൂന്നു മണിയോടെയാണ് സംഭവം. മുനിക്കല്ലിലെ ധന്യയുടെ വീട്ടിൽ ഇന്നു പുലർച്ചെ കവർച്ച നടന്നിരുന്നു. ധന്യ പുലർച്ചെ നടക്കാൻ പോയ സമയത്ത് വൈദ്യുതി മീറ്റർ ബോക്സിനകത്തു താക്കോൽ വച്ചാണ് പോയത് . തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവൻ സ്വർണ്ണവും 3000 രൂപയും മോഷണം പോയ വിവരം അറിഞ്ഞത്. ഇതു സംബന്ധിച്ചു നൽകിയ പരാതി സംബന്ധിച്ച് പൊലീസ് മുനിക്കല്ലിലും പരിസരത്തും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബാലന്റെ വീട്ടിലും പൊലീസ് പോയിരുന്നു. തൊട്ടുപിന്നാലെയാണ് ബാലനെ തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് ബാലനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.







