കാസർകോട്: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന് ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന് നിര്‍മിക്കുന്നത്. 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. മറ്റു ചാര്‍ജിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ചാര്‍ജ് ചെയ്യാം. ഇന്ധനച്ചെലവ് കുറക്കുക, പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കുക എന്നിവയാണ് മാതൃകാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു നന്ദിയും പറയും.







