തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ എല്ലാ രോഗികള്‍ക്കും പേവാര്‍ഡ് അനുവദിക്കണെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തെ 1600 രൂപയ്ക്ക് മുകളില്‍ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ പേ വാര്‍ഡ് നല്‍കിയിരുന്നുള്ളു. പലപ്പോഴും ആശുപത്രികളിലെത്തുന്നവര്‍ മാസവരുമാനം കുറച്ച് പറയുന്നതുകൊണ്ടുതന്നെ പിന്നീട് പേ വാര്‍ഡ് കിട്ടുന്നത് ശ്രമകരമായിരുന്നു. ഈ ചട്ടം മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
ഇതുപ്രകാരം നിശ്ചിത മുറിവാടക അടച്ചാല്‍ ബി.പി.എല്‍. വിഭാഗം രോഗികള്‍ക്കും പേ വാര്‍ഡ് അനുവദിക്കും. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലെ പേ വാര്‍ഡുകള്‍ കിട്ടാന്‍ നേരത്തെ ഒ.പി. ടിക്കറ്റില്‍ പ്രതിമാസവരുമാനം രേഖപ്പെടുത്തിയിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ തിരുത്തിയത്. പേ വാര്‍ഡില്‍ പ്രവേശിച്ചാലും ജനറല്‍ വാര്‍ഡില്‍ നല്‍കുന്ന ചികിത്സാസേവനങ്ങള്‍ നിഷേധിക്കാനോ അധികനിരക്ക് ഈടാക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ബി.പി.എല്‍. വിഭാഗങ്ങളിലെ രോഗികള്‍ക്ക് നിലവില്‍ പേ വാര്‍ഡ് അനുവദിച്ചിരുന്നില്ല. ഇവര്‍ ജനറല്‍ വാര്‍ഡിലാണ് ചികിത്സ തേടിയിരുന്നത്. ഇവര്‍ക്ക് ചികിത്സാസേവനങ്ങളും ആനുകൂല്യങ്ങളും ബന്ധപ്പെട്ട ഇന്‍ഷുറന്‍സ്-സഹായധന പദ്ധതികളുടെ വ്യവസ്ഥയ്ക്കു വിധേയമായി ലഭിക്കുകയും ചെയ്യും.








