ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ഇന്ന് വിദ്യാര്‍ത്ഥി സമരം: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യം

ബദിയഡുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നു സമരമാരംഭിച്ചു. ഉക്കിനടുക്കയിലെ കോളേജ് ഓഫീസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി കുത്തിയിരുന്നാണ് പ്രതിഷേധ സമരം.

മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉക്കിനടുക്കയില്‍ തന്നെ ഏര്‍പ്പെടുത്തുക തുടങ്ങി നിവധി ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ പി വിഭാഗം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ ഡി വൈ എഫ് ഐയും മറ്റു യുവജനസംഘടനകളും കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നു ആ തീരുമാനം കോളേജ് പ്രിന്‍സിപ്പല്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

പ്രാക്ടിക്കല്‍ ക്ലാസിനു വ്യത്യസ്ത രോഗ ബാധിതരായ കൂടുതല്‍ രോഗികളും അവര്‍ക്കുള്ള നൂതന ചികിത്സാ സംവിധാനങ്ങളും ചികിത്സയും ഉണ്ടാവേണ്ടതാണ്. അടുത്തകാലത്തൊന്നും അത്തരമൊരു സാഹചര്യം ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകാനുള്ള സാഹചര്യം വിരളമാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജിന്റെ പ്രായോഗിക പഠന കേന്ദ്രമായി കാസര്‍കോട് ജനറല്‍ ആശുപത്രിയെ മാറ്റിയിട്ടുള്ളത്. ഇതിനു വിദ്യാര്‍ത്ഥികള്‍ക്കു ജനറല്‍ ആശുപത്രിയിലെത്തുന്നതിനു വാഹന സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കാസര്‍കോട് യാത്ര വിദ്യാര്‍ത്ഥികള്‍ക്കു ക്ഷീണമുണ്ടാക്കുന്നുവെന്നും ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ പ്രവേശനത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്കു പഠന സൗകര്യം ഉറപ്പാക്കാന്‍ സ്ഥല പരിമിതി ഉണ്ടാകാതിരിക്കാനാണ് ഒ പി വിഭാഗം ജനറല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇന്നത്തെ സമരത്തിന് പുറത്തു നിന്നുള്ള ഇടപെടലുണ്ടാകാത്തതില്‍ സമരക്കാര്‍ നിരുത്സാഹിതരാണെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page