വീട്ടില്‍ നിന്നു 31 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന വേലക്കാരി അറസ്റ്റില്‍; പകരം വച്ചത് മുക്കുപണ്ടങ്ങള്‍

പയ്യന്നൂര്‍: വീട്ടില്‍ നിന്നു 31 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ വേലക്കാരി അറസ്റ്റില്‍. വയനാട്, വരയാല്‍ , പേരിയ സ്വദേശിനി പ്രേമ (50) യെ ആണ് ഉളിക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വി ഉമേശന്റേ മേല്‍നോട്ടത്തില്‍ എസ് ഐ കെ കെ രാധാകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ കുടുംബ സമേതം താമസിക്കുന്ന നിമ്മി ഈപ്പന്റെ ഉളിക്കലിലുള്ള കുടുംബവീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രസ്തുത വീട്ടില്‍ നിമ്മി ഈപ്പന്റെ അമ്മയും മുത്തച്ഛനുമാണ് താമസിച്ചിരുന്നത്. നിമ്മിക്കു വയനാട്ടില്‍ ഉള്ള തോട്ടത്തിലെ ജീവനക്കാരിയായിരുന്നു പ്രേമ. പിന്നീടാണ് അമ്മയെയും മുത്തച്ഛനെയും പരിചരിക്കുന്നതിനായി പ്രേമയെ ഉളിക്കലിലെ വീട്ടില്‍ ജോലിക്കു നിര്‍ത്തിയത്. വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ മാതാവ് മരണമടഞ്ഞു. ഇതോടെ മുത്തച്ഛനെ നിമ്മിബംഗ്‌ളരുവിലേയ്ക്കുകൂട്ടിക്കൊണ്ടുപോയി. എങ്കിലും വീടു നോക്കാനും അടിച്ചു വൃത്തിയാക്കാനും പ്രേമയെ തന്നെ ചുമതലപ്പെടുത്തി. ഇവര്‍ ഇടയ്ക്കിടെ ഉളിക്കലിലെ വീട്ടിലെത്തി തന്നെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് ദീപാവലി അവധിയില്‍ നിമ്മിയും കുടുംബവും ഉളിക്കലിലെ വീട്ടില്‍ എത്തിയത്. അലമാര തുറന്നു നോക്കിയപ്പോൾ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായി.മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പകരം മുക്കുപണ്ടങ്ങൾ വച്ചതായും കണ്ടെത്തി. ഇക്കാര്യം മനസ്സിലാക്കിയ നിമ്മി ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തു അന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയ്ക്കു പിന്നില്‍ പ്രേമയാണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page