കാസര്‍കോട്: തളങ്കര, നുസ്രത്തു നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. നുസ്രത്ത് നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്ന തിരുവനന്തപുരം, നാവായിക്കുളം മരുതിക്കാനി ഷംന മന്‍സിലിലെ എസ്. നാസറി (38)നെയാണ് ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ടി എച്ച് രജിത കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷാവിധി ഇന്നുണ്ടാകും.
2021 ഒക്ടോബര്‍ 31ന് രാത്രിയിലാണ് കേസിനാസപ്ദമായ സംഭവം. നുസ്രത്ത് നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്ന തിരുവന്തപുരം, പാങ്ങോട്, അംബേദ്ക്കര്‍ കോളനിയിലെ ബി. സജിത്ത് (29) ആണ് കൊല്ലപ്പെട്ടത്. ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയുടെ പണം കാണാതായതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് കേസ്. ക്വാര്‍ട്ടേഴ്‌സിലെ മറ്റൊരു താമസക്കാരനായ മുസമ്മലിന്റെ കൂടെ ചീട്ടു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു നാസര്‍. ഈ സമയത്ത് സജിത്ത് എത്തുകയും പണം കാണാതായതു സംബന്ധിച്ചു വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് നാസര്‍ തമിഴ്‌നാട് സ്വദേശികളുടെ മുറിയില്‍ നിന്നു കത്തിയെടുത്ത് സജിത്തിന്റെ വയറില്‍ കുത്തി. അക്രമത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാസറിന്റെ പിന്നാലെ ഓടിയ സജിത്തിനെ ഗ്രൗണ്ടില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് പിന്നീട് കാണപ്പെട്ടതെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന എം വി വിഷ്ണു പ്രസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി. അജിത്ത് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലോഹിതാക്ഷന്‍ കോടതിയില്‍ ഹാജരായി.







