പനയാല്‍, പെരിയാട്ടടുക്കത്ത് വന്‍ കവര്‍ച്ച; സംഭവം വീട്ടുടമയായ സ്ത്രീ പ്രഭാത സവാരിക്കു പോയ സമയത്ത്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, പെരിയാട്ടടുക്കത്ത് വന്‍ കവര്‍ച്ച. നീരാറ്റിയിലെ ധന്യയുടെ വീട്ടില്‍ ഇന്ന് (വ്യാഴം) പുലര്‍ച്ചെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വൈദ്യുതി മീറ്റര്‍ ബോക്‌സിനകത്തു വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വീടു തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന്‍ സ്വര്‍ണ്ണവും മൂവായിരത്തോളം രൂപയുമായി കടന്നു കളയുകയായിരുന്നു. പതിവുപോലെ പ്രഭാത സവാരിക്കു പോയതായിരുന്നു ധന്യ. 5.10 മണിക്ക് വീട് പൂട്ടി പുറത്തേയ്ക്കു പോയ ധന്യ ആറുമണിക്ക് വീട്ടില്‍ തിരിച്ചെത്തി. മീറ്റര്‍ ബോക്‌സില്‍ നിന്നു താക്കോലെടുത്തു വാതില്‍ തുറന്നു. പിന്നീട് അലമാരയില്‍ നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ സഹോദരന്‍ മണി നീരാറ്റിയെ വിവരം അറിയിച്ചു. മണിയെത്തിയ ശേഷം പൊലീസില്‍ വിവരം അറിയിച്ചു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡ് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തും.
കവര്‍ച്ച നടന്ന സമയത്ത് ധന്യയുടെ മകളും കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ മകള്‍ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page