ലഖ്നൗ: തുടര്‍ച്ചായ മുടികൊഴിച്ചിലിനെയും സ്വന്തം രൂപത്തേയും കുറിച്ചുള്ള മനോവിഷമത്തിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കൃഷ്ണ ടാക്കീസിന് സമീപത്തെ ദീപു വിശ്വകര്‍മ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വന്തം മുറിയില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. തന്റെ രൂപഭംഗിയെയും മുടി കൊഴിച്ചിലിനെയും കുറിച്ച് വിദ്യാര്‍ത്ഥി നിരന്തരം ആശങ്കാകുലനായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ദീപു പലപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് സഹോദരന് പവന് വിശ്വകര്‍മ പറയുന്നു. നേരത്തെ ഇക്കാരണത്താല്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
മറ്റുള്ളവരുമായി അധികം ഇടപഴകാത്ത പ്രകൃതക്കാരനായിരുന്നു. മൊബൈലില്‍ ഗെയിമുകള്‍ കളിച്ചാണ് സമയം ചെലവഴിച്ചിരുന്നതെന്ന് സഹോദരന് ഒരു മാധ്യമത്തോട് പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.








