തളിപ്പറമ്പ്: എം എസ് എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി നാളെ. എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി ശബരിനാഥനാണ് വിധി പ്രസ്താവിക്കുക. വിധി എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ജയരാജനും മുന്‍ എംഎല്‍എ ടിവി രാജേഷും പ്രതികളായ കേസിന്റെ വിധി സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്.
മറുഭാഗത്താണെങ്കില്‍ മുസ്ലിം ലീഗ് നേതൃത്വവും പ്രവര്‍ത്തകരും ഏറെ വൈകാരികമായി സമീപിച്ച കേസാണിത്. നീതി ലഭിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഷുക്കൂറിന്റെ കുടുംബവും ലീഗ് പ്രവര്‍ത്തകരും.
2012 ഫെബ്രുവരി 20ന് ഉച്ചയ്ക്കാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ഷുക്കൂറിന്റെ സുഹൃത്ത് അയൂബിന് കൈക്ക് പരിക്കേറ്റിരുന്നു. സുഹൃത്തിനെയും കൊണ്ട് ചെറുകുന്ന് മിഷന്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ഷുക്കൂറും സംഘവും വള്ളുവന്‍ കടവില്‍ തോണിയിറങ്ങി നടന്നു പോകുന്നതിനിടയില്‍ ഒരു സംഘം ആള്‍ക്കാര്‍ പിന്തുടര്‍ന്നു. സംശയം തോന്നിയ ഷുക്കൂറും കൂട്ടുകാരും കീഴറയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേന കയറി. പിന്തുടര്‍ന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് തടിച്ചുകൂടി പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് എത്തിയാല്‍ മാത്രമേ പുറത്തിറക്കു എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാല്‍ രണ്ട് പേര്‍ വീട്ടിനകത്ത് അതിക്രമിച്ചു കയറി അഞ്ചു പേരുടെയും ഫോട്ടോയെടുക്കുകയും പേരുവിവരങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ഷുക്കൂറിനെ കൊലപ്പെടുത്തുകയും ഒപ്പം ഉണ്ടായിരുന്ന സക്കറിയയെ പരിക്കേല്‍പ്പിച്ചുവെന്നുമാണ് പൊലീസ് കേസ് .വളപട്ടണം സി ഐ ആയിരുന്ന യു പ്രേമനും കണ്ണൂര്‍ ഡിവൈ.എസ്.പി ആയിരുന്ന പി സുകുമാരന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.
2012 ആഗസ്റ്റ് 23ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം കോടതി അംഗീകരിച്ചു. രണ്ടുവര്‍ഷത്തെ അന്വേഷണത്തിനുശേഷം സിബിഐ അധിക കുറ്റപത്രം സമര്‍പ്പിച്ചു. പി ജയരാജനെയും ടി വി രാജേഷിനെയും ഗൂഢാലോചനയുടെ പ്രധാന പ്രതികളാക്കുകയും ചെയ്തു.
കെ വി സുമേഷ്, കെ ഗണേശന്‍, എ വി അനൂപ്, കെ വിജേഷ്്, പ്രകാശന്‍, ഉമേശന്‍, പവിത്രന്‍, ലതീഷ്, മനോഹരന്‍, മിന ദിനേശന്‍, സി എന്‍ മോഹനന്‍, പാടി ബിജു, നിതിന്‍, രാധാകൃഷ്ണന്‍, ഷിജിന്‍, സജിത്ത്, സുധാകരന്‍, നവീന്‍, ശ്യാംജിത്ത്, സരിന്‍, കെ വി ഷാജി, പ്രകാശന്‍ മുതുവാനി, അജയകുമാര്‍, വി പി സുരേശന്‍, കെ ബാബു, യു.വി വേണു, എവി ബാബു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരില്‍ സരിനും ബാബുവും കേസിന്റെ വിചാരണ ആരംഭിക്കും മുമ്പ് തന്നെ മരണമടഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സിബിഐ അഭിഭാഷകന്‍ നവാസും സഹായിയായി പത്മനാഭനും ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ ബി രാമന്‍പിള്ള, നിക്കോളാസ് ജോസഫ്, സോജന്‍, എസ് ജി നാസര്‍, എസ് രാജീവ്, അഭിഷേക് കുമാര്‍ എന്നിവര്‍ ഹാജരായി.







