കാസർകോട് : കാസർകോട് ജില്ലയിലെ ആദ്യ സെൽഫ് എക്സ്പാൻഡിങ് മെറ്റൽ ബിലിയറി സ്റ്റെന്റിങ് ചികിത്സ ആസ്റ്റർ മിംസ് ഹോസ്‌പിറ്റലിൽ വിജയകരമായി നടത്തി. കാൻസർ ബാധിച്ചതിനെ തുടർന്ന് പിത്ത നാളിയിലുണ്ടായ തടസ്സം പരിഹരിക്കുന്നതിനായാണ് ഗ്യാസ്ട്രോ എൻട്രോളജി, ഓങ്കോളജി, എൻഡോസ്കോപ്പി വിഭാഗങ്ങളുടെ ഏകോപനത്തിൽ അത്യാധുനിക തെറാപ്യൂട്ടിക് ചികിത്സാരീതിയിലൂടെ രോഗിക്ക് പുതുജീവൻ നൽകിയത്.
ഉദരസംബന്ധമായ പ്രശ്നങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പാൻക്രിയാസിലുണ്ടായ അർബുദ വളർച്ച മൂലം പിത്തനാളി പൂർണ്ണമായി അടഞ്ഞതായി കണ്ടെത്തിയത്. ക്യാൻസറിന്റെ തോത് കൂടിയതിനാലാണ് എൻഡോസ്കോപ്പിക് മാർഗത്തിലൂടെ പിത്തനാളി തുറക്കാനുള്ള ശ്രമം നടത്തുന്നത്. വലിയ മുറിവുകളോ തുറന്ന ശസ്ത്രക്രിയയോ ഇല്ലാതെ എൻഡോസ്കോപ്പി മുഖാന്തരം പിത്തനാളിയിലേക്ക് സ്വയം വികസിക്കുന്ന പ്രത്യേക സ്റ്റെന്റ് സ്ഥാപിക്കുകയായിരുന്നു. സ്റ്റെന്റ് വികസിച്ച തോടെ പിത്തനാളിയിലെ തടസ്സം മാറി പിത്തരസത്തിന്റെ സ്വാഭാവിക ഒഴുക്ക് സാധ്യമായി. ശസ്ത്രക്രിയ ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാവുന്ന ഈ പ്രൊസീജറിലൂടെ രോഗാവസ്ഥ പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും മെഡിക്കൽ സംഘത്തിന് സാധിച്ചു. ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധൻ ഡോ. കിരൺ രേവങ്കർ, അനസ്തെഷ്യ വിദഗ്ധരായ ഡോ. അമീൻ ഗുൽഷൻ, ഡോ. ശിവ്തേജ് എസ്. എന്നിവരടങ്ങിയ മെഡിക്കൽ സംഘം ഈ ദൗത്യത്തിൽ മുൻനിരയിൽ പ്രവർത്തിച്ചു.







