ശ്രീനഗര്‍: കുല്‍ഗാമിലെ ലഷ്‌കര്‍ ഭീകരനും നിരവധി ആക്രമണങ്ങളുടെ സൂത്രധാരനുമായ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്‌കറെ തയിബ ഭീകരന്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെത്. മസ്ജിദിനുള്ളില്‍ ഒളിച്ച ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.പള്ളിക്കുള്ളില്‍ ഒളിച്ചിരുന്ന ലത്തിഫ് ഭട്ടിനെ ആരാധാലയത്തിന് കേടുപാടുണ്ടാക്കാതെ വധിക്കുകയായിരുന്നുവെന്നാണ് വിവരം. കശ്മീര്‍ താഴ്വരയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്‌കര്‍ ഭീകരനായിസുരക്ഷാ ഏജന്‍സികള്‍
കണക്കാക്കിയിരുന്ന ഇയാളുടെ തലയ്ക്ക്15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സേന വീഡിയോ കോളിലൂടെ ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. എന്നാല്‍ തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്ന് മറുപടി നല്‍കി പളളിയില്‍ ഒളിച്ചിരുന്ന് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു.
തുടര്‍ന്ന് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് ഒടുവിലാണ് ലത്തീഫ ഭട്ട് വധിക്കപ്പെട്ടത്.
കഴിഞ്ഞ ആഴ്ച സിആര്‍പിഎഫ് ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നാലെയാണ് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചത്. ആക്രമണത്തില്‍ സുരക്ഷാസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനുപിന്നില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടും നിസാര്‍ ദറും ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സേനയുടെ ആക്രമണത്തില്‍ ലത്തീഫിന്റെ കൂട്ടാളി ഉമര്‍ നിസാര്‍ ദാര്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ജൂലൈ 22-ന് അനന്ത്‌നാഗില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുല്‍ഗാമില്‍ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.








