പയ്യന്നൂർ: കണ്ടോത്ത് ദേശീയപാതയിൽ എൽപിജി ടാങ്കറും സിമൻ്റ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എൽപിജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൽപിജി ടാങ്കറും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻ്റ് ബൾക്കറും ആണ് കൂട്ടിയിടിച്ചത്. ഇടിക്ക് ശേഷം നിയന്ത്രണം വിട്ട എൽപിജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ടാങ്കറിൽ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. അപകടത്തിൽ നിസാര പരിക്കേറ്റ സിമൻ്റ് ബൾക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും സേന ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
അപകടസമയത്ത് എൽപിജി നിറച്ച ടാങ്കറായിരുന്നെങ്കിലും നിലവിൽ വാതകച്ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ല. അപകടത്തെത്തുടർന്ന് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.







