കാസര്‍കോട്: കൊല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനു പോവുകയായിരുന്ന സ്ത്രീയുടെ ബാഗ് ലോഡ്ജ് മുറിയില്‍ വച്ച് കൊള്ളയടിച്ചു. പ്രതി മണിക്കൂറുകള്‍ക്കകം ബേക്കല്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശിയായ അഷ്‌റഫാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ഇന്നലെ (ചൊവ്വ) രാത്രി 9.15 മണിയോടെ ഉദുമ രഞ്ജീസ് ലോഡ്ജിലാണ് സംഭവം. ഇടുക്കി, കരുണാപുരം, ബാലഗ്രാമിലെ കെഎസ് ജയശ്രീ (56)യാണ് കൊള്ളയ്ക്കിരയായത്. കൊല്ലൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍ വിശ്രമിക്കുന്നതിനാണ് പരാതിക്കാരി ലോഡ്ജില്‍ മുറിയെടുത്തത്. ഒന്‍പതേകാല്‍ മണിയോടെ റൂം ബോയ് എന്ന വ്യാജേന പരാതിക്കാരിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ അഷ്‌റഫ് മൊബൈല്‍ ഫോണ്‍, ഫെഡറല്‍ ബാങ്കിന്റെ എടിഎം കാര്‍ഡ്, 4000 രൂപ എന്നിവ അടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ പൊലീസും ലോഡ്ജ് ജീവനക്കാരും ചേര്‍ന്നാണ് അഷ്‌റഫിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ് .







