വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്ത ആണുങ്ങള്‍ക്ക് തുണയേകാന്‍ കണ്ണൂരിലെ ഈ പഞ്ചായത്ത്; ആദ്യഘട്ടമായി പുരുഷന്മാരുടെ കണക്കെടുപ്പ് ആരംഭിച്ചു

കണ്ണൂര്‍: വിവാഹപ്രായമെത്തിയിട്ടും വധുവിനെ ലഭിക്കാതെ പ്രയാസപ്പെടുന്ന യുവാക്കളുടെയും മധ്യവയസ്‌കരുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു. വിവാഹാലോചനകള്‍ വരുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ വിവാഹം നടക്കാത്തവരുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. മുഹമ്മദലിയാണ് ഈ വിഷയം ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചത്. വിവാഹം നടക്കാത്ത പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രാദേശിക ഭരണകൂടം ഇടപെടണമെന്ന നിര്‍ദേശത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ അംഗങ്ങളും പിന്തുണച്ചതോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്ത് പരിധിയിലെ വിവാഹം നടക്കാത്ത പുരുഷന്മാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇവര്‍ നേരിടുന്ന തടസങ്ങളും മറ്റ് പ്രശ്‌നങ്ങളും വിലയിരുത്തി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ട സര്‍വേ പൂര്‍ത്തിയായതിനു ശേഷം പഞ്ചായത്തിന്റെ മുന്‍കൈയില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ്, സമൂഹവിവാഹം തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ ഇതിന് സമാനമായ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും പൂര്‍ണ്ണ വിജയം കണ്ടിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തതയോടെയുള്ള ഇടപെടലുകള്‍ക്കാണ് കുന്നോത്തുപറമ്പ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഠനത്തിനും തുടര്‍നടപടികള്‍ക്കുമായി പ്രത്യേക ഉപസമിതിയെയും ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. പി.കെ. മുഹമ്മദലി ചെയര്‍മാനും ടി.വി. കുഞ്ഞിക്കണ്ണന്‍ കണ്‍വീനറുമായാണ് പുതിയ ഉപസമിതി പ്രവര്‍ത്തിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page