കാസര്‍കോട്: ഫോണ്‍ വഴിയുള്ള തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഫോണുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുക്കുന്നത്. ഫോണില്‍ ലൈവ് ടിവി അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് കുണിയ സ്വദേശി യൂസഫ് മൊയ്തുവിന്റെ പണം തട്ടിയെടുത്തത്. ഫോണുമായി ലിങ്ക് ചെയ്തിരുന്ന പെരിയയിലെ ഗ്രാമീണ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും കാനറ ബാങ്കിലെ അക്കൗണ്ടില്‍ നിന്നുമാണ് 1.65 ലക്ഷം ആരോ പിന്‍വലിച്ചത്. ഈമാസം ആറിനും എട്ടിനും ഇടയിലുള്ള സമയത്താണ് പണം പോയത്. ഇതു സംബന്ധിച്ച് യൂസഫ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. സമാനമായി കളനാട് പരവനടുക്കത്തെ പ്രദീഷി(40)ന്റെ പണവും ആരോ തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ സപ്തംബര്‍ 28ന് യുവാവിന്റെ 34,995 രൂപ ആരോ പിന്‍വലിക്കുകയായിരുന്നു. ഫോണില്‍ ലൈവ് ടിവി അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് ഇവിടെയും പണം തട്ടിയെടുത്തത്.







