കണ്ണൂര്‍: പള്ളിക്കുന്നില്‍ വിവാഹ സല്ക്കാരത്തിനിടയില് ഉണ്ടായ സംഘര്‍ഷത്തില്‍ മില്ല് ഉടമയായ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളിക്കുന്ന്, രാജീവ് നഗര്‍ പടിഞ്ഞാറെപ്പുരയില്‍ പി.പി ശരത് എന്ന ഉണ്ണി (38)യെ ആണ് കണ്ണൂര്‍ ടൗണ്‍ സിഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റു ചെയ്തത്. പള്ളിക്കുന്ന്, രാജീവ് നഗര്‍ ഉന്നതിക്ക് സമീപത്തെ മാധവാലയത്തില്‍ പി.സുമേശന്‍(55) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. നവംബര്‍ 8ന് വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. സുമേശന്റെ ബന്ധുവായ സഞ്ജയന്റെ വീട്ടിലായിരുന്നു വിവാഹ സല്‍ക്കാരം. സല്‍ക്കാരത്തിനെത്തിയവരില്‍ ഒരാള്‍ ധാന്യം പൊടിച്ചതിന്റെ പണം നല്‍കിയില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ സുമേശന്‍ ടി.വി കണ്ടുകൊണ്ടിരിക്കെ ഛര്‍ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തളാപ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടയില്‍ പത്താം തീയതിയാണ് മരണപ്പെട്ടത്.







