കാസര്‍കോട്: ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതും റെയില്‍വേ ട്രാക്കുകളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതും ഗുരുതരമായ അപകടങ്ങള്‍ക്കും യാത്രക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന സന്ദേശവുമായി കാസര്‍കോട് റെയില്‍വേ സംരക്ഷണ സേന തളങ്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ്, റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇത്തരം പ്രവൃത്തികള്‍ മൂലം യാത്രക്കാര്‍ക്കും ട്രെയിനിനും ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
കാസര്‍കോട് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍കെ ശശി ക്ലാസിന് നേതൃത്വം നല്‍കി. എഎസ്‌ഐ കെജെ വിനോജ്, കോണ്‍സ്റ്റബിള്‍ സോജന്‍, വനിതാ കോണ്‍സ്റ്റബിള്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു, അധ്യാപകന്‍ ജില്‍ജോ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
റെയില്‍വേ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ ജാഗ്രതയും നിര്‍ണായകമാണെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.







