‘വാഗ്ദാനപ്പെരുമഴ’- അതിനപ്പുറം?

‘ലഭ്യമാക്കും, ഒരുക്കും, നല്‍കും, ശരിയാക്കും’ – (ശരിയാക്കും എന്നല്ല ശരിയാക്കാം എന്ന്) നമ്മുടെ ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാരി വിതറിയ വാഗ്ദാനങ്ങളില്‍ ചിലത്.

കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പൂര്‍വാധികം വര്‍ദ്ധിച്ചിട്ടുണ്ട്. (എന്നാല്‍ രോഗികളെ കിടക്ക വിരിച്ച് അതില്‍ കിടത്തിയാല്‍ മാത്രം പോരല്ലോ) രോഗികളെ പരിശോധിക്കണം രോഗനിര്‍ണയം നടത്തി ചികിത്സ നിര്‍ദ്ദേശിക്കണം. ചികിത്സിക്കണം. അതിന് വിദഗ്ധരായ ഡോക്ടര്‍മാരെയും പരിചരിക്കാന്‍ നേഴ്സ്മാരെയും നിയമിക്കണം. പരിശോധിക്കാവശ്യമായ ഉപകരണങ്ങള്‍ വേണം. അതൊന്നുമില്ലാത്ത ആസ്പത്രി എന്ത് ആസ്പത്രി? ‘ജില്ലാ ആശുപത്രി’ എന്ന ബോര്‍ഡ് ചുമരില്‍ തൂക്കിയിട്ടത് കൊണ്ടായോ? ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വകുപ്പ് മന്ത്രി പറഞ്ഞു. എല്ലാം ശരിയാക്കാം.

കാത്ത് ലാബ്? ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. ലാബ് ഉണ്ട്. പക്ഷേ ബോര്‍ഡില്‍ മാത്രം. പ്രവര്‍ത്തനക്ഷമമല്ല. ഇനി പേടിക്കേണ്ടാ അക്കാര്യത്തിലും മന്ത്രി പറഞ്ഞല്ലോ, പ്രവര്‍ത്തനക്ഷമമാക്കാം എന്ന്.

ന്യൂറോളജിസ്റ്റില്ല. നിയമിക്കും. സി ടി സ്‌കാന്‍ സംവിധാനം? അതും ഒരുക്കും. അവിടെയും ഇവിടെയും കൂട്ടിയിട്ടിട്ടുണ്ട് ഒരുപാട് സാധനങ്ങള്‍. മെഡിക്കല്‍ ഉപകരണങ്ങളാണത്രേ. പരിചയസമ്പന്നരായ, യോഗ്യതയുള്ള ജീവനക്കാരില്ലാത്തതുകൊണ്ട് ഉപകരണങ്ങള്‍ വെറുതെയിട്ടു. അവയും പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമൊരുക്കും. ജില്ലയിലെ രോഗബാധിതരെയെല്ലാം കാഞ്ഞങ്ങാട്ടേയ്ക്ക് എത്തിക്കണം എന്നാണോ മനസ്സിലാക്കേണ്ടത്? അല്ല; മന്ത്രി വ്യക്തമാക്കി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മികച്ച സേവന സംവിധാനങ്ങള്‍, സൗകര്യങ്ങള്‍ ലഭ്യമാക്കും.

സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ഒരു ജില്ലയിലെ ആശുപത്രികള്‍ മാത്രം നന്നാക്കിയാല്‍ മതിയോ? മറ്റു ജില്ലകളുടെ കാര്യമോ? അവര്‍ പരാതിപ്പെടുകയില്ലേ? പക്ഷപാതം എന്ന് കുറ്റപ്പെടുത്തുകയില്ല? അതും ശരിയാക്കും. കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പരിഗണന.

ആരോഗ്യമന്ത്രിയുടെ വാഗ്ദാന വര്‍ഷം നമ്മുടെ എം പി രാജ്മോഹന്‍ ഉണ്ണിത്താന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മന്ത്രിക്ക് പൊന്നാടചാര്‍ത്തി. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അനുവദിക്കണം. ചിരകാലാഭിലാഷം. എത്രകാലമായി ആവശ്യമുന്നയിക്കുന്നു! കേന്ദ്രസര്‍ക്കാരാണ് അനുവദിക്കേണ്ടത്. ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരും. ഇവിടെ വേണം; ഇവിടെത്തന്നെ എന്ന് എല്ലാ ജില്ലക്കാരും ആവശ്യപ്പെടുന്നു. അതിനുള്ള ന്യായങ്ങളും നിരത്തുന്നു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒത്തുകൂടുന്ന ശബരിമലയില്‍ വേണം എയിംസ് സ്ഥാപിക്കേണ്ടത് എന്ന് പത്തനംതിട്ട ജില്ലക്കാര്‍ പറയുന്നു. തീര്‍ത്ഥാടന കാലത്ത് മാത്രമല്ലേ അവിടെ ജനപ്പെരുപ്പം?. അത് കഴിഞ്ഞാലോ?

കാസര്‍കോട് ജില്ലയില്‍ നാല് സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടത്രേ. അതില്‍ ഒന്ന് പെരിയ പഞ്ചായത്തിലെ പനയാലില്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 274.69 ഏക്കര്‍ ഭൂമി. എയിംസിന് അനുയോജ്യം എന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ദേശീയപാത, റെയില്‍വേ, വിമാനത്താവളം- ഈ മൂന്ന് യാത്രാ സംവിധാനങ്ങളുമായി നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് എത്തിപ്പെടാന്‍ എളുപ്പത്തില്‍ സാധിക്കും. ഇതാണ് അനുയോജ്യത. ഉണ്ണിത്താന്‍ പറഞ്ഞത്, പെരിയയില്‍ 210 ഏക്കര്‍ അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട് എന്ന്; സ്ഥലം അളക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു എന്നും. 274.69 ഏക്കറോ 210 ഏക്കറോ? ഏതാണ് ശരിയായ അളവ്?

പതിറ്റാണ്ടുകള്‍ മുമ്പ് കശുമാവ് കൃഷി ചെയ്യാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് വിട്ടുകൊടുത്ത ഏക്കര്‍ കണക്കിന് ഭൂമിയുണ്ടല്ലോ പതിനൊന്ന് പഞ്ചായത്തുകളില്‍. എന്റോസള്‍ഫാന്‍ എന്ന മാരകവിഷം കീടനാശിനിയായി ആകാശമാര്‍ഗ്ഗേണ തളിച്ചു. യാതൊരു ശാസ്ത്രീയമാനദണ്ഡവും നോക്കാതെ. കീടനാശിനി സര്‍വ്വനാശിനിയായി അനുഭവപ്പെട്ടു. പ്രതിഷേധം കനത്തു. കശുമാവ് കൃഷി വേണ്ടെന്നുവച്ചു.ആ ഭൂഭാഗങ്ങള്‍ പാഴായി കിടക്കുന്നുണ്ട്. എയിംസ് എന്നല്ല, കേന്ദ്ര സര്‍വകലാശാലയ്ക്കും സ്ഥലം അന്വേഷിക്കുമ്പോള്‍ അങ്ങോട്ട് നോട്ടമെത്തും. വിഷം പുരണ്ട മണ്ണല്ലേ എന്ന് എതിര്‍വാദമുയരും.

ജില്ലയില്‍ സര്‍ക്കാരാശുപത്രികളിലെ കുറവുകള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാന ന്യൂനത-കുറവ് – ഡോക്ടര്‍മാരില്ല രോഗികളുടെ എണ്ണത്തിനനുസരിച്ച് എന്നതാണ്. ഈ ജില്ലയെ പണിഷ്മെന്റ് ജില്ലയായി കാണുന്നു തെക്കന്‍ ജില്ലക്കാര്‍. മന്ത്രി പറഞ്ഞതാണ്. ഇടുക്കി, വയനാട് ജില്ലകള്‍ക്കും ഇതേ പദവി ആണത്രേ. ഇവിടെ നിയമിക്കപ്പെടുന്നവര്‍ ഉത്തരവ് തിരുത്തിക്കാന്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും കാര്യം സാധിച്ചില്ലെങ്കില്‍, ഇവിടെ വന്ന് ജോലിയില്‍ പ്രവേശിച്ച ഉടനെ സ്വന്തം ജില്ലയിലേക്ക് ട്രാന്‍സ്ഫറിന് ശ്രമിക്കുന്നു. ഇനി അപ്പണി നടപ്പില്ല എന്ന് മന്ത്രി താക്കീത് നല്‍കുന്നു. ചുരുങ്ങിയത് രണ്ടു കൊല്ലക്കാലമെങ്കിലും ഇവിടെ സേവനമനുഷ്ഠിക്കണം.

അതിനുള്ളില്‍ സ്ഥലംമാറ്റം അനുവദിക്കില്ല. ഈ തടസ്സവാദം മറികടക്കാനും വഴി കണ്ടുപിടിക്കും മിടുക്കന്മാര്‍. നിയമനം കിട്ടിയവര്‍ ലീവെടുക്കും. അതിന് കാരണം കണ്ടുപിടിക്കും. വീട്ടിലിരുന്നും പ്രാക്ടീസ് ചെയ്യാമല്ലോ ഡോക്ടര്‍മാര്‍ക്ക്.

രണ്ടുകൊല്ലം ഇവിടെ പ്രവര്‍ത്തിച്ച ശേഷം നീണ്ട അവധിയെടുത്ത് വിദേശത്തേക്ക് പറക്കുന്നവരുമുണ്ട്. റിട്ടയര്‍മെന്റിനുള്ള പ്രായമാകുമ്പോള്‍ നാട്ടിലേക്ക് മടങ്ങും. ഒഴിവുള്ളേടത്ത് ജോയിന്‍ ചെയ്യും. റിട്ടയര്‍ ചെയ്താല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. തടയാന്‍ സര്‍ക്കാരിന് കഴിയുമോ?

ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ബാധകമല്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി അറിയിക്കുകയുണ്ടായി. ജില്ലയില്‍ എം ആര്‍ ഐ സ്‌കാനിംഗ് സംവിധാനമില്ല. താന്‍ ജില്ല വിട്ടു പോകുന്നതിനു മുമ്പ് തന്നെ ഇത് സ്ഥാപിക്കുന്നതിനുള്ള നടപടി ഉണ്ടാകും എന്നും ആരോഗ്യമന്ത്രി അറിയിച്ചു. ജില്ല വിടും മുമ്പ് -അപ്പോള്‍ ഇതിനകം നടപടി ഉണ്ടായിട്ടുണ്ടാകണം. നോക്കാം. സ്ഥാപിക്കാനുള്ള നടപടിയെ സ്ഥാപിതമായി എന്ന് പറയാറായിട്ടില്ല. നടപടി മാത്രം.

‘വാഗ്ദാനപ്പെരുമഴ’- ഇങ്ങനെ നിന്നു പെയ്യുന്നു. മഴ കഴിയുമ്പോളോ?.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page