കാസര്‍കോട്: പെരിയ, ആയമ്പാറയില്‍ നിന്നും ആദ്യമായി എസ്ഐ ജോലി ലഭിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ കെ.സംഗീതിന്റെ പാസിംഗ് ഔട്ട് പരേഡ് നാളെ. ചടങ്ങിനു സാക്ഷിയാകാന്‍ സുഹൃത്തുക്കളും കുടുംബവും ഇന്ന് (തിങ്കള്‍) വൈകിട്ട് തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് യാത്ര തിരിക്കും.
ആയംപാറ, തോക്കാനംവീട്ടിലെ എം.വേലായുധന്-കാഞ്ചന ദമ്പതികളുടെ മകനാണ് സംഗീത്. ആയമ്പാറ ഗവ. യു.പി സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിൽ നിന്നു ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം കാസര്‍കോട് ഗവ. കോളേജില്‍ നിന്നു കെമിസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്ത് തന്നെ യൂണിഫോമിനോട് പ്രത്യേക അഭിരുചി ഉണ്ടായിരുന്നു സംഗീതിന്. അതുവഴി സ്കൗട്ടിലും പിന്നീട് എന്സിസിയിലുമെത്തി. 2018ല്‍ കാസര്‍കോട് ഗവ. കോളേജ് എന്‍സിസി യൂണിറ്റിന്റെ സീനിയര്‍ അണ്ടര്‍ ഓഫീസറായി. കോളേജ് പഠനത്തിനു ശേഷം കേരള പൊലീസില്‍ സിപിഒ ആയി. തൊട്ടുപിന്നാലെ എസ്ഐ റാങ്ക് ലിസ്റ്റില്‍ ഇടം നേടി കേരള പൊലീസ് അക്കാദമിയിലെ 32-ാമത് ബാച്ചിലെ എസ്ഐ ട്രെയിനിയായി. പത്തരമാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് സംഗീത് നാളെ പാസിംഗ് ഔട്ട് പരേഡിനു തയ്യാറെടുക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക. മികച്ച വോളിബോള്‍ താരം കൂടിയാണ് സംഗീത്. സഹോദരി കെ. ശ്രുതി (അധ്യാപിക, കുണിയ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍).







