കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ സമഗ്രമാക്കണമെന്നും എങ്കില്‍ മാത്രമേ പദ്ധതികൾ ലക്ഷ്യം കാണുകയുള്ളൂവെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു. ബേക്കലിൽ സംസ്ഥാന ആസൂത്രണ ?ബോര്‍ഡ് പതിനഞ്ചാം പഞ്ചവത്സര പദ്ധതി ജില്ലാതല യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃത്യമായ ആസൂത്രണത്തിലൂടെ നാടിനെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ നഗര സംസ്ഥാനമായാണ് പരിഗണിക്കുന്നത്. കേന്ദ്ര വിഹിതത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം നിരവധി മേഖലകളില്‍ പുരോഗതി കൈവരിച്ചിട്ടും മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മാതൃകാ പദ്ധതികളില്ല.
ഇതിനുമാറ്റം വരേണ്ടതുണ്ട്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.നീലകണ്ഠന്‍ എംഎല്‍എ ആധ്യക്ഷം വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെഎം ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എം.എല്‍.എമാരായ എകെഎം അഷ്‌റഫ്, കല്ലട്ര മാഹിന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, മുന്‍മന്ത്രി സി.ടി അഹമ്മദലി, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് സംസാരിച്ചു.











