കാസര്‍കോട്: കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ഒരാഴ്ച പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ വൊര്‍ക്കാടിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിക്കാരനായിരുന്ന ഒഡീഷ സ്വദേശി ബിപിന്‍ മാലികി (30)ന്റേതാണ് മൃതദേഹം. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മംഗല്പാടി സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുഗോളി ശ്മശാനത്തില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
നവംബര്‍ 13ന് വൈകുന്നേരമാണ് വൊര്‍ക്കാടി, കളിയൂര് അറന്തോടിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.







