പാലക്കാട്: കള്ളനെ പേടിച്ച് ഭാര്യ സ്വര്‍ണ്ണം ഒളിപ്പിച്ചത് ഭര്‍ത്താവിന്റെ ഷൂസില്‍. അതൊന്നും അറിയാതെ ഭര്‍ത്താവ് അതെടുത്തു ഹരിതകര്‍മ്മ സേനയ്ക്ക് കൊടുത്തു. എന്നാല്‍ സ്വര്‍ണം ലഭിച്ച ഹരിതസേനാംഗങ്ങള്‍ അത് ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. കേട്ടാല്‍ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പട്ടാമ്പി നഗരത്തില്‍ നടന്ന സംഭവമാണ്. ഹാര്‍മണി സ്ട്രീറ്റില്‍ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടില്‍ ഇക്കഴിഞ്ഞ 11നാണ് സംഭവം നടന്നത്. രണ്ടാളും രാവിലെ ജോലിക്ക് പോകുന്നവരായതിനാല്‍ പകല്‍ സമയം വീട് അടഞ്ഞു കിടക്കും. ഈ സമയത്ത് വീട്ടില്‍ കള്ളന്‍ കയറുമോ എന്ന പേടി ഇവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ വീട്ടിലെ സ്വര്‍ണം സുരക്ഷിതമാക്കാന്‍ ബീന ഒരു വ്യത്യസ്തമായ വഴി കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പഴയ ഷൂസിന്റെ ഉള്ളില്‍ സ്വര്‍ണം ഭദ്രമാക്കി ഒളിപ്പിച്ചു വെച്ചു. ആരും സംശയിക്കാത്ത സ്ഥലത്ത് വയ്ക്കുകയും ചെയ്തു. പഴയ ഷൂസായതിനാല്‍ ആരും എടുക്കില്ലെന്നായിരുന്നു ബീനയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ കാര്യം ഭര്‍ത്താവിനോട് പറയാന്‍ ബീന മറന്നു പോയി. ഇതറിയാത്ത ഭര്‍ത്താവ് വീട്ടിലെത്തിയ ഹരിതകര്‍മ്മ സേനയ്ക്ക് വീട്ടിലെ പഴയ സാധനങ്ങള്‍ കൊടുക്കുന്ന കൂട്ടത്തില്‍ ഷൂസും കൊടുത്തു. ഷൂസും സ്വര്‍ണവുമായി ഹരിതകര്‍മ്മ സേന പോയി. അവര്‍ക്കും അതിനുള്ളില്‍ സ്വര്‍ണം ഉണ്ടെന്ന് അറിയില്ലായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തി ഷൂസ് തെരഞ്ഞു. അപ്പോഴാണ് താന്‍ ഒളിപ്പിച്ച സ്വര്‍ണത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ ജോണിനോട് കാര്യം പറഞ്ഞു. അപ്പോള്‍ത്തെ പഞ്ചായത്തംഗം സുബ്രഹ്‌മണ്യന്‍ വഴി ഹരിതകര്‍മ്മ സേനയെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഹരിത കര്‍മ്മസേന ഷൂസ് പരിശോധിച്ച് നോക്കിയത്. കിട്ടിയ സ്വര്‍ണം ഹരിതകര്‍മ്മ സേന അംഗങ്ങളുടെയും വാര്‍ഡ് മെമ്പര്‍ സുബ്രഹ്‌മണ്യന്റെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.പി. ഷാജി ജോണിന് കൈമാറി.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സ്വര്‍ണം കണ്ടെത്തി തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷത്തിലാണ് ഹരിതകര്‍മ്മ സേന അംഗങ്ങള്‍. അവരുടെ സത്യസന്ധതയാണ് ഇവിടെ എടുത്തു പറയേണ്ടത്.









