കാസര്‍കോട്: കാസര്‍കോട് ഡി സി സിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയില്‍ പ്രസിഡണ്ട് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം. കെ പി സി സി സെക്രട്ടറി സുബ്ബയ്യറൈ, സംസ്ഥാന നേതൃത്വത്തിനു പരാതി നല്കി. സാമ്പത്തിക ആരോപണം ഉന്നയിച്ചുള്ള പരാതിയാണ് നല്‍കിയത്. മുന്‍ എം പി ഐ. രാമറൈയുടെ പേരില്‍ ഡി സി സി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്മാരകം പണിയാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് സുബ്ബയ്യ റൈയുടെ പരാതി.
എന്നാല്‍ ആരോപണം പി കെ ഫൈസല്‍ തള്ളി. വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടും-ഫൈസല്‍ പ്രതികരിച്ചു.
കാസര്‍കോട് ഡി സി സി യില്‍ മാസങ്ങളായി വിവിധ വിഷയങ്ങളെ ചൊല്ലി ഭിന്നത തുടരുകയാണ്. ഇതിനിടയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് എം പിയും ഡി സി സി പ്രസിഡണ്ട് പി കെ ഫൈസലും കഴിഞ്ഞ ദിവസം കൊമ്പു കോര്‍ത്തത്. എം പി യെ നിലയ്ക്കു നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പി കെ ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് എം പി പ്രതികരിച്ചിരുന്നത്.







