കാസര്‍കോട്: പുത്തിഗെയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരന്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. അംഗടിമുഗര്‍ കമന്തള ഹൗസിലെ കെഎസ് മഹമൂദ്(75) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കത്തിബ് നഗറില്‍ നാട്ടുകാര്‍ പെര്‍ളയിലേക്കുള്ള ബസുകള്‍ തടഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പെര്‍ളയില്‍ നിന്ന് സീതാംഗോളിയിലേക്ക് പോവുകയായിരുന്ന ബസ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ബാഡൂര്‍ പെരുന്നയിലെ കെഎച്ച് അബ്ദുല്‍ അസീസിനും യാത്രക്കാരനായ മഹമൂദിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹമൂദിനെ ഉടന്‍ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. ഓട്ടോഡ്രൈവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. കുഞ്ഞാമിനയാണ് മഹമൂദിന്റെ ഭാര്യ. മക്കള്‍: മുഹമ്മദലി, നവാസ്, നിയാസ്, സെമീറ, സാജിത, ഇബ്രാഹിം, ബീഫാത്തിമ, മിസ്‌രിയ. മരുമക്കള്‍: താഹിറ, ഹസീന, ഷാനിബ, ലത്തീഫ്, അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയംബി, ആയിഷ, നബീസ.







