കാസര്‍കോട്: വിവിധ നിരോധിത പുകയില ഉള്‍പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍. പൂച്ചക്കാട്ടെ വ്യാപാരിയായ കണ്ടത്തില്‍ ഹൗസിലെ കെ. അബ്ദുല്‍ അസീസി (46)നെയാണ് ബേക്കല്‍ എസ് ഐ യു.റോഷിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 657 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. ചൈനി, മാരുതി നന്ദന്, ഹാന്‍സ്, മധു, വിമല്വാന് തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ (ശനി) രാത്രി ഏഴേകാല്‍ മണിയോടെ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സംഘം പൂച്ചക്കാട്ടെ കപ്പണ സ്റ്റോഴ്സിനു മുന്നില്‍ എത്തിയത്. ഈ സമയത്ത് കടവരാന്തയില്‍ പ്ലാസ്റ്റിക് കവറുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ അസീസെന്നു പൊലീസ് പറഞ്ഞു. പൊലീസ് വാഹനം കണ്ട് പരുങ്ങുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ തടഞ്ഞു നിര്‍ത്തി പ്ലാസ്റ്റിക് കവര്‍ തുറന്നു നോക്കിയപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.







