കാസര്‍കോട്: ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് കോണ്‍ഗ്രസിനെ കെട്ടിപ്പടുത്ത രാമറൈയുടെ സ്മാരകത്തിനായി മകനോട് പണം ആവശ്യപ്പെട്ടത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഡി.സി.സി പ്രസിഡന്റ് നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
ഒരേ ഹാള്‍ കാണിച്ച് നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോയൊരു ഹാളാണ് പണിയുന്നത്. അതിന്റെ പേരില്‍ രണ്ടും മൂന്നും നേതാക്കളുടെ കയ്യില്‍ നിന്ന് പൈസ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാല്‍ അതൊരു തീവെട്ടിക്കൊള്ളയാണ്. അതിനൊന്നും താന്‍ കൂട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം പണപ്പിരിവുകള്‍ നടക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും മുഴുവന്‍ വിവരങ്ങളും കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് ബോധ്യപ്പെടുത്തി അന്വേഷണം ആവശ്യപ്പെടുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്നെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.പി.സി.സിക്ക് പരാതി നല്‍കിയത് പി.കെ. ഫൈസല്‍ മാത്രമാണെന്നും മറ്റ് ഡി.സി.സി അംഗങ്ങള്‍ ആരും അതിന് പിന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ. ഫൈസലിനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി കെ.പി.സി.സി സെക്രട്ടറി സുബ്ബയ്യ റായി രംഗത്തുവന്നിരുന്നു. ഡി.സി.സി ഓഫീസിന്റെ മൂന്നാം നിലയിലുള്ള ഹാളിന് തന്റെ പിതാവും മുന്‍ എം.പിയും കാസര്‍കോട് ഡി.സി.സിയുടെ ആദ്യ പ്രസിഡന്റുമായിരുന്ന രാമറൈയുടെ പേര് നല്‍കുന്നതിനായി പി.കെ. ഫൈസല്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് സുബ്ബയ്യ റായി കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.







