ജോലിക്കിടയില്‍ തെരുവുനായയുടെ ആക്രമണം; ചികിത്സയ്ക്കിടെ മരണപ്പെട്ട പുല്ലൂര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടിയില്ല, ആധിയോടെ കുടുംബവും നാട്ടുകാരും

കാസര്‍കോട്: പേവിഷബാധയെ തുടര്‍ന്നു മരണപ്പെട്ടുവെന്നു സംശയിക്കുന്ന ആളുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞും വിട്ടുകിട്ടിയില്ല. ഇതോടെ കടുത്ത സങ്കടത്തിലായിരിക്കുകയാണ് കുടുംബവും നാട്ടുകാരും.
പുല്ലൂര്‍, ഉദയ നഗറിലെ അശോകന്‍ (55) ഒരാഴ്ച മുമ്പാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണകാരണം സ്ഥിരീകരിക്കുന്നതിനു മൃതദേഹത്തില്‍ നിന്നു ശേഖരിച്ച രക്ത സാമ്പിള്‍ വൈറോളജി ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാത്തതെന്നു പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയായിരിക്കും മൃതദേഹം വിട്ടു നല്‍കുക. എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുമ്പു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടു നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഇടപെട്ടിട്ടുണ്ട്. ഇന്നത്തോടെ മൃതദേഹം വിട്ടു കിട്ടുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. വാഹനങ്ങളുടെ ബോഡി പെയിന്റ് ചെയ്യുന്ന തൊഴില്‍ ചെയ്തു വരികയായിരുന്നു അശോകന്‍. മൂന്നു മാസം മുമ്പ് ചിത്താരിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എവിടെ നിന്നോ എത്തിയ തെരുവു നായ അശോകനെ മാന്തിയിരുന്നുവത്രെ. എന്നാല്‍ സംഭവം കാര്യമാക്കാതിരുന്നതിനാല്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ല.
ഒരാഴ്ച മുമ്പ് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ അശോകന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സ നടത്തി. അതിനു ശേഷമാണ് പരിയാരത്തേയ്ക്ക് മാറ്റിയത്. അവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page