മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഫണ്ട് തിരിമറി; നിയമന നടപടിയില്‍ വീഴ്ചയെന്ന് പ്രസിഡന്റ് യു.കെ സൈഫുല്ല തങ്ങള്‍

കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവനപദ്ധതിയില്‍ പതിനഞ്ച് ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് വിഹിതം ജീവനക്കാരന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിലും ജീവനക്കാരന്റെ നിയമനനടപടിയിലും വീഴ്ചയുണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുല്ല തങ്ങള്‍. ഒരാള്‍ക്ക് 1.12 ലക്ഷം രൂപ വീതം ആകെ 16.80 ലക്ഷം രൂപയാണ് ക്രമക്കേടിലൂടെ മാറ്റിയതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പി.എം.എ.വൈ സെക്ഷനിലെ ക്ലര്‍ക്ക് രാംദാസാണ് ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ഗുണഭോക്താക്കളുടെ പട്ടികയില്‍ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വരുത്തി സ്വന്തം അക്കൗണ്ട് ചേര്‍ത്താണ് പണം കൈമാറിയതെന്നാണ് കണ്ടെത്തല്‍.
മൂന്ന് പുതിയ ഗുണഭോക്താക്കളും പന്ത്രണ്ട് പഴയ ഗുണഭോക്താക്കളും ഉള്‍പ്പെടെ പതിനഞ്ച് പേരുടെ വിഹിതമാണ് ഇത്തരത്തില്‍ മാറ്റിയത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനയിലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. ഗുണഭോക്താക്കളുടെ രജിസ്റ്റര്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാരന്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സെക്രട്ടറി നേരിട്ട് പരിശോധിക്കുകയായിരുന്നു. രേഖകളില്‍ 2025 എന്നത് 2026 എന്ന് തിരുത്തിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് സൈഫുല്ല തങ്ങള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സെക്രട്ടറിയും ഭരണസമിതിയും പൊലിസില്‍ പരാതി നല്‍കിയിരുന്നു. പണം തിരിച്ചടക്കാമെന്ന് ജീവനക്കാരനും ഭാര്യയും മറ്റൊരാളും ഉറപ്പുനല്‍കിയതായും ഇതിന്റെ ഭാഗമായി ജീവനക്കാരന്‍ ഒരു ലക്ഷം രൂപ തിരിച്ചടച്ചതായും പ്രസിഡന്റ് പറഞ്ഞു. ബാക്കി തുക തിരിച്ചുപിടിക്കാനും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണവിധേയരാകുന്നവരെയും അച്ചടക്ക നടപടികള്‍ നേരിടുന്നവരെയും കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റുന്നതിലൂടെ ജില്ലയോടും ഇവിടുത്തെ തദ്ദേശസ്ഥാപനങ്ങളോടും വിവേചനം കാണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല നടപടികള്‍ മറച്ചുവെച്ച് നിയമനം നല്‍കിയതില്‍ ഡയറക്ടറേറ്റിന് വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കമലാക്ഷി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ഹനീഫ്, മോഹന്‍ റൈ, മെമ്പര്‍ അസീസ് മെരിക്കെ തുടങ്ങിയവരും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page