ന്യൂഡല്‍ഹി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് കാനഡയില്‍ നിന്ന് എത്തിയ വനിതയ്ക്ക് നിരാശ. അടുത്ത് ഇടപഴകിയപ്പോള്‍ പ്രായം എത്രയെന്ന് കനേഡിയന്‍ വനിത വെളിപ്പെടുത്തി. പ്രായം അറിഞ്ഞതോടെ യുവാവ് ഒന്നു ഞെട്ടി. പ്രായം 61. അതോടെ വിവാഹം മുടങ്ങി.
പ്രായത്തെ ചൊല്ലി വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെത്തുടര്‍ന്ന് സ്ത്രീ കാനഡ എംബസിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രാജസ്ഥാനിലെ കോത്പുത്‌ലി-ബെഹ്‌റോര്‍ ജില്ലയിലെ നീംറാണയിലാണ് സംഭവം നടന്നത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിന്‍(30) യുവാവാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് വിദേശ വനിതയും നിതിനും ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ അവര്‍ നവംബര്‍ 11-നാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വനിതയെ സ്വീകരിച്ച നിതിന്‍, അവളെയും കൂട്ടി നീംറാണയിലെത്തി അമ്മാവന്റെയും അമ്മായിയുടെയും ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം ഇവര്‍ ഇവിടെ ഒന്നിച്ചു താമസിച്ചു. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോയി. അതിനിടെ വനിതയുടെ പ്രായം (ഏകദേശം 61 വയസ്സ്) പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. തുടര്‍ന്ന് നിതിന്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് വനിത കാനഡ എംബസിയെ ബന്ധപ്പെട്ടു. കാര്യം അധികാരികളെ അറിയിച്ചു. എംബസിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നീംറാണ പൊലീസ് സ്ഥലത്തെത്തുകയും രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നിതിനെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. കാനഡയില്‍ നിന്നുള്ള വനിതയെ കോത്പുത്‌ലിയിലെ കോര്‍ സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിന്‍ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും, ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.








