ചെർക്കള: കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവത്തെ മുസ്ലിം ലീഗ് കലോത്സവമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി ആരോപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും സമ്മേളന വേദിയിലും മുസ്ലിം ലീഗ് നേതാക്കളെ മാത്രം ഉൾപ്പെടുത്തിയിരിക്കുകയാണെന്നും ലീഗിന്റെ രാഷ്ട്രീയ ആധിപത്യം പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്നും അശ്വിനി പറഞ്ഞു.
ബിജെപി പ്രതിനിധികളെ ഉദ്ഘാടന ചടങ്ങിലോ സമാപന സമ്മേളനത്തിലോ ഉൾപ്പെടുത്താത്തത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായേ കാണാൻ കഴിയൂ. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പൊതുവേദിയായ സ്കൂൾ കലോത്സവത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു അശ്വിനി പറഞ്ഞു.







