കാസര്‍കോട്: വോര്‍ക്കാടി കളിയൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തിലെ കുളത്തില്‍ അജ്ഞാതന്‍ വീണു മരിച്ച നിലയില്‍. 45 വയസുവരുന്ന യുവാവിന്റെതാണ് മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കളിയൂര് അറന്തോടിയിലെ തിമ്മപ്പ ഭട്ടിന്റെ നെല്പാടത്തിന് സമീപത്ത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെളളിയാഴ്ച വൈകീട്ട് കുളത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ സ്ഥല ഉടമയായ തിമ്മപ്പയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മഞ്ചേശ്വരം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മംഗല്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്ന് സംശയിക്കുന്നു. ബര്‍മൂഡയും ടീ ഷര്‍ട്ടുമാണ് വേഷം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







