കാസര്‍കോട്: സര്‍ക്കാര്‍ സര്‍വീസിലെ ജില്ലയിലെ താല്‍ക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ പിരിച്ചുവിടാന്‍ ഡിസിസി നേതൃത്വം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇതേ വിഭാഗത്തിലെ കോണ്‍ഗ്രസ് അനുഭാവികളായ 80 പേരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടതായി ആക്ഷേപം. കോണ്‍ഗ്രസുകാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നും പകരം സിപിഎം അനുഭാവികളെ പിരിച്ചുവിടണമെന്നും വീണ്ടും ആവശ്യം ഉയര്‍ന്നപ്പോള്‍ കാസര്‍കോട്ടേ എംപിയും യുഡിഎഫ് എംഎല്‍എമാരും യുഡിഎഫ് ജില്ലാ ഭാരവാഹികളും ചേര്‍ന്ന് തീരുമാനമെടുത്ത് അറിയിക്കാന്‍ ആരോഗ്യമന്ത്രി കോണ്‍ഗ്രസ് ഭാരവാഹികളെ അറിയിക്കുകയായിരുന്നുവത്രേ.
സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയും മന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയും അത് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും നടപ്പാക്കുകയുമാണെന്ന ആരോപണം നിലനില്‍ക്കെയാണ് കാസര്‍കോട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തീരുമാനങ്ങളെടുക്കുകയും ഡിസിസി പ്രസിഡണ്ട് അത് നടപ്പിലാക്കുകയുമാണെന്ന ആക്ഷേപം രൂക്ഷമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഒറ്റക്കെട്ടായിരുന്ന എംപിയും ഡിസിസി പ്രസിഡണ്ടും ഇരു ചേരികളാവുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തൃക്കരിപ്പൂരിലെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും ഈ ഭിന്നത പ്രകടമായിരുന്നെന്ന് സംസാരമുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ താല്‍ക്കാലിക നിയമന വിവാദം നിലനില്‍ക്കെ തന്നെ ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നു. ഇക്കാര്യം കോണ്‍ഗ്രസ് ഭാരവാഹികളൊന്നും അറിഞ്ഞില്ലെന്നും ഒരു ഭാരവാഹി ഒറ്റയ്ക്ക് തീരുമാനിച്ച് അതിനുവേണ്ട ഇടപെടലുകള്‍ നടത്തുകയായിരുന്നെന്നും മറുവിഭാഗം ആരോപിക്കുന്നുണ്ട്. അടുത്തകാലത്തായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നേര്‍ച്ച പോലായി മാറിയിരിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വിഭാഗം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കാറെയില്ലെന്ന് സംസാരമുണ്ട്. യോഗം നിശ്ചിത ഇടവേളകളില്‍ കൂടുന്നില്ല, കൂടുന്ന യോഗങ്ങളില്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാവുന്നു. ജില്ലയിലേയോ ജനങ്ങളുടെയോ പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയം ആവുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെയും കെ.സി വേണുഗോപാലന്റെയും വിഭാഗങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ മൂന്നാമതൊരു ചേരി കൂടി രൂപപ്പെടുന്നുണ്ടെന്ന് ഗ്രൂപ്പുകളോട് വിധേയത്വമില്ലാത്ത മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. നിലവിലെ നിലപാടുകളനുസരിച്ച് ബെന്നി ബഹനാനെ കെപിസിസി പ്രസിഡണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ട്. അതിനുതടയിടാന്‍ രൂപപ്പെട്ടുവരുന്ന, മൂന്നാം ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. വ്യവസ്ഥ അനുസരിച്ചോ കീഴ് വഴക്കം അനുസരിച്ചോ ഒരു സംസ്ഥാന പ്രസിഡണ്ടിനെ നിയോഗിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരായിക്കൊണ്ടിരിക്കുന്നുണ്ട്.







