ചെറുവത്തൂര്‍: സര്‍വീസ് റോഡിലൂടെ പോകാത്തതില്‍ പ്രതിഷേധിച്ച് പടുവളം ദേശീയപാതയില്‍ ഓട്ടോത്തൊഴിലാളികള്‍ പടുവളം ദേശീയപാതയില്‍ ബസുകള്‍ തടഞ്ഞു. സിഐടിയു തോട്ടംഗേറ്റ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ബസ് തടയല്‍ സമരം നടന്നത്. ദേശീയപാത നിര്‍മിച്ചതോടെ കെഎസ്ആര്‍ടി, സ്വകാര്യ ബസുകള്‍ മാസങ്ങളായി ദേശീയപാതയിലൂടെയാണ് കടന്നുപോകുന്നത്. സര്‍വീസ് റോഡിലൂടെ പോകാത്തതിനാല്‍ തോട്ടം ഗേറ്റ് ബസ് സ്‌റ്റോപ്പിലെത്തുന്ന യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരുന്നു. ഒരു കിലോമീറ്റര്‍ ദൂരം നടന്നുവേണം ദേശീയപാതയിലെ പടവളത്തെയും മട്ടലായയിലെയും സ്റ്റോപ്പിലെത്താന്‍. പഞ്ചായത്തിനും പൊലീസിനും ഓട്ടോത്തൊഴിലാളികളും നാട്ടുകാരും നിരവധി തവണ പ്രശ്‌നം സംബന്ധിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ശനിയാഴ്ച സമരം നടത്തിയത്. ഇതേ തുടര്‍ന്ന് പല ബസുകളും സര്‍വീസ് റോഡിലൂടെ പോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇനി മുതല്‍ ബസുകള്‍ സര്‍വീസ് റോഡിലൂടെ ഓടാതിരുന്നാല്‍ നാട്ടുകാരുമായി ചേര്‍ന്ന് വീണ്ടും ബസുകള്‍ തടയുമെന്ന് ഓട്ടോത്തൊഴിലാളികള്‍ പറഞ്ഞു. സിഐടിയു തോട്ടം ഗെയിറ്റ് യൂണിറ്റ് സെക്രട്ടറി സന്ദീപ്, പ്രസിഡണ്ട്. വിവി മനോജ്, ട്രഷര്‍ കെ.ജി ഗീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബസുകള്‍ തടഞ്ഞത്.








