കോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് ഭയന്ന വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളന്‍മുക്ക് ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. അഞ്ചുവര്‍ഷം മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍നിന്ന് 25 ലക്ഷംരൂപ വീടിന്റെ നിര്‍മാണത്തിനായി ലോണെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ പണമടച്ചെങ്കിലും പിന്നീട് തുക അടയ്ക്കാന്‍ കഴിയാത്ത സ്ഥിതി കുടുംബത്തിനുണ്ടായി. അഞ്ചുവര്‍ഷംകൊണ്ട് കടം 50 ലക്ഷം രൂപയിലെത്തി. പിന്നീട് ബാങ്കുമായുള്ള ചര്‍ച്ചയില്‍ 15 ലക്ഷം രൂപ കുറച്ച്, 35 ലക്ഷം തിരിച്ചടച്ചാല്‍ മതിയെന്ന ധാരണയുണ്ടാക്കിയിരുന്നു. അതും അടയ്ക്കാന്‍ സാധിക്കാതെവന്നതോടെ കോടതി നടപടികളിലേക്ക് നീങ്ങി. ഇതേ തുടര്‍ന്ന് രണ്ടുദിവസംമുമ്പ് കോടതിയുടെ അനുമതിയോടുകൂടി വീട് ജപ്തിചെയ്യാനുള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടുടമയ്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജപ്തി നടപടികള്‍ക്കായി ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെത്തുമ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതുസംബന്ധിച്ച് അയല്‍വാസികളോട് അന്വേഷിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേര്‍ന്നുള്ള പഴയ തറവാടു വീട്ടില്‍ കവിതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതേദഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വടകരയില്‍ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. ഇരുവരും വിദ്യാര്‍ഥിനികളാണ്.








