മുളിയാര്‍: മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മെമ്പറുള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റു മൂന്ന് പേരും ചേര്‍ന്നു തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ദളിത് പ്രവര്‍ത്തകന്‍ മണികണ്ഠന്‍ മംഗളശ്ശേരി ജില്ലാ മൊബൈല്‍ സ്‌ക്വാഡിനോടു പരാതിപ്പെട്ടു.
ബോവിക്കാനത്തെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെയും രാഷ്ട്രപിതാവിന്റെയും ഭരണഘടനാശില്‍പ്പി അംബേദ്കറുടെയും ഫോട്ടോകള്‍ ചിതല്‍ പിടിച്ചു നിലത്തുവീണു തകര്‍ന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ കടന്നു വരുകയും അപ്പോള്‍ മടങ്ങുകയായിരുന്ന തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞിയും സെക്രട്ടറി പ്രേമലതയും മെമ്പര്‍ ഖദീജത്ത് മിസ്‌രിയയും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്തില്‍ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമമനുസരിച്ചു വിവരങ്ങള്‍ ആരായുന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു പരാതിയില്‍ പറഞ്ഞു.
പഞ്ചായത്തിലെ ജനങ്ങള്‍ക്കു മാതൃകയാകേണ്ട പഞ്ചായത്തു പ്രസിഡന്റ് വളരെ ഹീനവും പരിഷ്‌കൃത സമൂഹത്തിനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായ ആവശ്യങ്ങള്‍ തന്നോട് ഉന്നയിച്ചിരുന്നു. അത് അവഗണിച്ചതിലുള്ള വൈരാഗ്യവും അക്രമത്തിനു പിന്നിലുണ്ടെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.







