കാഞ്ഞങ്ങാട്: പൂച്ചക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട്ടെ റഷീദിനെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൂച്ചക്കാട്ടെ അഷ്റഫിനെ(36) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് റഷീദ്. കഴിഞ്ഞ ദിവസം രാത്രി പൂച്ചക്കാട്ട് നിന്നാണ് റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ 30ന് അര്‍ധരാത്രിയിലാണ് പൂച്ചക്കാട്ടെ ചായക്കടയില്‍ വെച്ച് അഷ്റഫിന് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായ അഷ്റഫിന്റെ പരാതിയില്‍ റഷീദിനും സഹോദരന് റഫീഖിനുമെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ബ്ലേഡ് പലിശ സംഘത്തെ കുറിച്ചും ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തുന്നവരെക്കുറിച്ചും പൊലീസിന് വിവരം കൈമാറി എന്നാരോപിച്ചാണ് അഷ്റഫിനെ കുത്തിക്കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. കൂട്ടുപ്രതിയായ റഫീഖ് ഒളിവിലാണ്. എസ്.ഐ റോഷിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രസന്നന് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.







