തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അസിസ്റ്റന്റ് പ്രൊഫസറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പൂര്‍ണിമ ജെ. പ്രകാശാണ് (45)മരിച്ചത്. പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലെ ശുചിമുറിയിലാണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് പൂര്‍ണിമ. കുറെ ദിവസങ്ങളായി അവധിയിലായിരുന്ന പൂര്‍ണിമ, ബുധനാഴ്ച അവധി കാലാവധി അവസാനിച്ചിട്ടും കോളേജില്‍ ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പൂജപ്പുര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ പൂര്‍ണിമയ്ക്ക് അടുത്ത ബന്ധുക്കളായി ആരും ജീവിച്ചിരിപ്പില്ലെന്നാണ് പ്രാഥമിക വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതം മൂലമായിരിക്കാം മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.








