കാസര്‍കോട്: ഫോണില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്ന സന്ദേശം കണ്ട് ലിങ്ക് ക്ലിക്ക് ചെയ്ത കുമ്പള സ്വദേശിയുടെ രണ്ടുലക്ഷം പോയി. കുമ്പള ഫെറിക്ക് സമീപം താമസിക്കുന്ന എംഎസ് ദേവരാജ(67)നാണ് സൈബര്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൊബൈലില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെ ദേവരാജന്റെ മൊബൈലിലേക്ക് 7321865098 എന്ന നമ്പറിയില്‍ നിന്ന് ഒരു സന്ദേശം എത്തുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കാമെന്നായിരുന്നു സന്ദേശവും വാട്സാപ്പ് കോളും. ബാങ്കുമായി ബന്ധപ്പെട്ട ആളായിരിക്കാം സന്ദേശം അയച്ചതെന്ന് കരുതി ഒ.ടി.പി നമ്പര്‍ അയച്ചു നല്കി. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷം നഷ്ടമായത് തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച് ദേവരാജന്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.







