കാസര്‍കോട്: ഹൊസങ്കടിയിലെ ടെമ്പോ ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അങ്കടിപ്പദവിലെ മചേന്ദനാഥ്(48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയിരുന്നു. വാതില്‍ അടച്ചുകിടക്കുന്നത് കണ്ട് ഭാര്യ സന്ധ്യ പല തവണ മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മചേന്ദനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയി. പോസ്റ്റുമോര്‍ട്ടം മംഗളൂരുവില്‍ നടക്കും. ശാസ്താ ബേക്കറി ഉടമ ബിഎം സുന്ദരയുടെയും പരേതയായ സത്യാവതിയുടെയും മകനാണ്. രശ്മി, റിതേഷ് എന്നിവരാണ് മക്കള്‍. ഹരിപ്രസാദ്, ജയമാല, മല്ലിക എന്നിവര്‍ സഹോദരങ്ങളാണ്.







