40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍

കുമ്പള: നാട്ടുകാരുടെ നികുതിപ്പണം വച്ചു കളിക്കേണ്ടെന്ന തദ്ദേശ മന്ത്രി കെ എം ഷാജിയുടെ ഉപദേശം കുമ്പള പഞ്ചായത്ത് പൂര്‍ണ്ണമായി അവഗണിച്ചു.

40 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുമ്പള ടൗണിലെ മുള്ളേരിയ കെ എസ് ടി പി റോഡില്‍ ഉണ്ടാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി പഞ്ചായത്ത് അടച്ചിട്ടിരിക്കുന്നത് ആര്‍ക്ക് അടയിരിക്കാനാണെന്നു നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മന്ത്രിയോടും ആരായുന്നു. ഇതിന്റെ ദൃശ്യങ്ങളും വിവരങ്ങളും മന്ത്രി കെ എം ഷാജിയെ നേരിട്ടറിയിക്കാന്‍ നാട്ടുകാര്‍ നീക്കമാരംഭിച്ചു.

യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങള്‍ക്കു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ടു ടോയ്‌ലറ്റുകള്‍, ടോയ്‌ലറ്റില്‍ നിന്നിറങ്ങി ചായ കുടിക്കാന്‍ ഒരു ചായക്കട, പിന്നീട് അല്‍പ്പനേരം വിശ്രമിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം എന്നിവക്കാണ് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവാക്കിയത്. ഇത്രയും രൂപ ചെലവാക്കി ടേക്ക് എ ബ്രേക്കുണ്ടാക്കിയവര്‍ അതില്‍ അനിവാര്യവും അത്യാവശ്യവുമായി ഏര്‍പ്പെടുത്തേണ്ട ജല സൗകര്യം അന്നും ചെയ്തില്ല. ഇപ്പോഴും ചെയതില്ല. മാത്രമല്ല, വെള്ളമില്ലാത്തതു കൊണ്ടു ഏതാനും ദിവസത്തിനു ശേഷം അടച്ചിട്ട ടോയ്‌ലറ്റുകള്‍ പിന്നീട് ഇതുവരെ തുറന്നിട്ടുമില്ല. വെള്ളമില്ലാത്തതു കൊണ്ടു തന്നെ ചായക്കടയ്ക്കും താഴിട്ടു. ആളുകള്‍ കയറി പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ ടേക്ക് എ ബ്രേക്ക് തന്നെ അടച്ചിട്ടിരിക്കുന്നു.

നാടു നന്നാക്കാന്‍ ഉടുത്തൊരുങ്ങി ഇറങ്ങുന്ന രഷ്ട്രീയക്കാര്‍ അധികാരം കിട്ടുമ്പോള്‍ ഇങ്ങനെ ആയിപ്പോവുന്നതു എന്തുകൊണ്ടാണെന്നു ജനങ്ങള്‍ ആരായുന്നു.

കുമ്പള ടൗണില്‍ യാത്രക്കാര്‍ക്കേര്‍പ്പെടുത്തിയ വിശ്രമകേന്ദ്രം ജനക്ഷേമത്തിനു പഞ്ചായത്ത് നടപ്പാക്കിയ മാതൃകാ പദ്ധതിയാണെന്നു ഉദ്ഘാടന സമയത്ത് പഞ്ചായത്തുകാര്‍ ചെണ്ടയടിച്ചു വിളംബരം ചെയ്തിരുന്നു.

സര്‍ക്കാരിന്റേയും പൊതുജനങ്ങളുടെ നികുതിപ്പണവുമെടുത്ത് എത്ര കെട്ടിടം വേണമെങ്കിലും ഏതു തരത്തിലുള്ള കെട്ടിടം വേണമെങ്കിലും ആര്‍ക്കുമുണ്ടാക്കാമെന്നു ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടു പഞ്ചായത്തു മന്ത്രി കെ എം ഷാജി ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

പണിയുന്ന കെട്ടിടം പൂര്‍ണ്ണമായി ഉപയോഗിക്കുകയും പരിപൂര്‍ണ്ണമായി സംരക്ഷിക്കുകയും ചെയ്യാമെന്നുറപ്പുള്ളവരേ ജനങ്ങളുടെ നികുതിപ്പണമെടുത്തു ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ.

പലേടത്തും പഞ്ചായത്തുകള്‍ കെട്ടിടം ഉണ്ടാക്കും. ഉദ്ഘാടനം അതി ഗംഭീകരമായി നടത്തും. അതിനു ശേഷം കെട്ടിടം അടച്ചിടും. എന്നാല്‍ താന്‍ മന്ത്രിയായിരിക്കുമ്പോള്‍ അതു നടക്കില്ലെന്നു ഉദ്ഘാടന ചടങ്ങില്‍ ശ്രോതാക്കളുടെ ഹസ്താരവങ്ങള്‍ക്കിടയില്‍ മന്ത്രി മുന്നറിയിച്ചിരുന്നതു ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

മന്ത്രിയുടെ വാക്കിനു മന്ത്രിയുടെ പാര്‍ട്ടിയുടെ പഞ്ചായത്ത് സാരഥികള്‍ പുല്ലുവില കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു വാക്കു പാലിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

നാട്ടുകാരുടെ 40 ലക്ഷം രൂപ നികുതിപ്പണമെടുത്തു കെട്ടിടത്തിന്റെ മറവില്‍ ചില വഴിച്ചവര്‍ അതില്‍ നിന്ന് അരലക്ഷം രൂപ ചെലവാക്കി കെട്ടിടത്തില്‍ ജലം ഉറപ്പാക്കാത്തതു എന്തു ഭരണമാണെന്നും ജനങ്ങള്‍ ആരായുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍
Scroll to top

You cannot copy content of this page