മഞ്ചേശ്വരം: പാര്‍സല്‍ ചാര്‍ജ് കൊടുക്കാന്‍ വൈകിയ വിരോധത്തില്‍ വ്യാപാരിയെ മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മാവിനക്കട്ട സ്വദേശിയും പൂക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ അബ്ദുല്ല(56)യെയാണ് ഗജാനനാ ബസ് ജീവനക്കാര്‍ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഉപ്പള ബസ് സ്റ്റാന്റില്‍ വച്ചാണ് വ്യാപാരിക്ക് നേരെ അക്രമം നടന്നത്. സുഹൃത്തായ ഒരു വ്യാപാരി ബസില്‍ അയച്ചുവിട്ട ഒരു പാഴ്സല്‍ വാങ്ങാന്‍ അബ്ദുല്ലയെ ഏല്പിച്ചിരുന്നു. ഇതുപ്രകാരം പാഴ്സല്‍ വാങ്ങിയപ്പോള്‍ അതിന്റെ ചാര്‍ജ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അയച്ചുതന്ന ആള് കൊടുത്തിട്ടുണ്ടെന്ന് കരുതി ഷോപ്പില്‍ പോയി പണം ഉടന്‍ എത്തിക്കാമെന്ന് അബ്ദുല്ല ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ അതിന് തയ്യാറാകാതെ പാഴ്സല്‍ തിരിച്ചുവാങ്ങുകയാണ് ജീവനക്കാര്‍ ചെയ്തത്. തുടര്‍ന്ന് അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് കൈകൊണ്ട് മുഖത്തും തലയ്ക്കും അടിച്ചുപരിക്കേല്പ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ അബ്ദുല്ല കുമ്പളയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. മഞ്ചേശ്വരം പൊലീസ് 115(2), 126 (2), 296(ബി), 3(5) ബിഎന്‍എസ് പ്രകാരം കേസെടുത്തു.







