കാസര്‍കോട്: രണ്ട് സംഭവങ്ങളിലായി കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. മുളിയാര്‍ ബാവിക്കര കെ.കെ. പുറം മഞ്ചക്കല്‍ റോഡ് ജങ്ഷനില്‍ വച്ച് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. മുണ്ടക്കല്‍ ഹൗസില്‍ എം.എ. അബ്ദുള്‍ സമദ്(29) ആണ് ആദൂര്‍ പൊലീസിന്റെ പിടിയിലായത്.
‘ഓപ്പറേഷന്‍ തൂഫാന്‍’-ന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പരുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച സമദിനെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.80 ഗ്രാം കഞ്ചാവ് കണ്ടെത്തി. എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം യുവാവിനെതിരെ കേസെടുത്തു. മഞ്ചേശ്വരം പൊലീസ് ഉപ്പള മന്നംകുഴി സ്റ്റേഡിയം റോഡിന് സമീപത്തു നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയും കഞ്ചാവുമായി വോര്‍ക്കാടി സ്വദേശി അറസ്റ്റിലായി. വോര്‍ക്കാടി പടി ഹൗസില്‍ മുഹമ്മദ് റാസിഖ് (24) ആണ് അറസ്റ്റിലായത്. പട്രോളിങ്ങിനിടയില്‍ പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.320 ഗ്രാം കഞ്ചാവും, 0.430 ഗ്രാം എം.ഡി.എം.എയും പിടികൂടി. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.







