മധുര: മധുരയിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമില്‍ വന്‍ കവര്‍ച്ച. മധുര ബൈപാസ് റോഡിലെ ഷോറൂമില്‍ നിന്ന് ഏകദേശം 500 പവനോളം (4 കിലോ) സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ ഷോറൂമിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്നാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ 10 മണിയോടെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പത്ത് ദിവസം മുമ്പ് മാത്രമാണ് ഈ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായുള്ള നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി വരികയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എസ്.കോളനി പൊലീസ് ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷോറൂമിലുണ്ടായിരുന്ന ആകെ സ്വര്‍ണത്തിന്റെ ഏകദേശം 30 ശതമാനത്തോളം കവര്‍ച്ച ചെയ്യപ്പെട്ടതായി മധുര സിറ്റി പൊലീസ് കമ്മീഷണര്‍ രാജേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മോഷണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ജീവനക്കാരുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും പട്ടികയും മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.








